Friday 10 April 2020

പള്ളിയെ, പള്ളിയുടെ ആദ്യകാല അർത്ഥത്തിലേക്കു കോവിഡ് 19 കൊണ്ടെത്തിച്ചു


യേശുവിന്റെ മരണത്തിനും ഉയിർപ്പിനും ശേഷം, പത്രോസും മറ്റു ശിഷ്യന്മാരും ഗുരുവിന്റെ സുവിശേഷം ലോകമെങ്ങും എത്തിക്കുവാൻ ഉല്സുകരായിരുന്നു. ആദ്യമായി അവർ ജെറുസലേമിലും അതിനടുത്തുള്ള സിനഗോഗുകളിലും മറ്റും സുവിശേഷം പ്രസംഗിക്കുകയും പുതുതായി ചേർന്ന അംഗങ്ങൾക്ക് മാമോദീസ നൽകുകയും ചെയ്തുകൊണ്ടിരുന്നു.  രാത്രി കാലങ്ങളിൽ അവിടെയുള്ള അനുയായികളുടെയും പുതുതായി ചേർന്ന അംഗങ്ങളുടെയും വസതികളിൽ മാറി മാറി ചർച്ചകൾ നടത്തുകയും അപ്പം മുറിക്കൽ ശുശ്രുഷയും അത്താഴം കഴിക്കുകയും ചെയ്യുമായിരുന്നു. അവരെല്ലാവരും അന്യോന്യം അവർക്കുള്ളതെല്ലാം ആവശ്യാനുസരണം പങ്കുവെക്കുമായിരുന്നു. ഇങ്ങിനെയുള്ള കുടുംബ കൂട്ടായ്മകളെയായിരുന്നു പള്ളി എന്ന് അന്നുകാലങ്ങളിൽ വിളിച്ചിരുന്നത്. അതുതന്നെയാണ് യേശു, "പത്രോസ്, നീ പാറയാകുന്നു, പാറമേൽ ഞാനെന്റെ പള്ളി പണിയും" എന്ന് പറഞ്ഞതിന്റെ അർത്ഥവും. അല്ലാതെ പത്രോസിന്റെ തലയിൽ ഇന്ന് കാണുന്നതുപോലെയുള്ള ഒരു കൂറ്റൻ കെട്ടിടം പണിയും എന്നല്ല!

അപ്പസ്തോലന്മാരുടെ നടപടിക്രമത്തിലെ സ്ഥിതി വിശേഷം റോമിലെ ക്രിസ്ത്യാനികളെ പീഡിപ്പിച്ചിരുന്ന നേരോ ചക്രവർത്തി മുതൽ (64 A D) ഡയോക്ളീഷ്യൻ ചക്രവർത്തിയുടെ കാലം(305 A D) വരെയും ഉണ്ടായിരുന്നു എന്നുവേണം കരുതാൻ.  എന്നാൽ അതിനു ശേഷം വന്ന കോൺസ്റ്റന്റയിൻ  ചക്രവർത്തിയുടെ കാലം മുതൽക്കാണ് (306 A.D.)  പള്ളി എന്ന പദത്തിന്റെ അർഥം മാറാൻ തുടങ്ങിയത്. കാലഘട്ടത്തിലാണ് ഇദ്ദേഹം ക്രിസ്തുമതം സ്വീകരിച്ചതും ഇന്ന് കാണുന്ന തരത്തിലുള്ള ഒരു പള്ളി(കെട്ടിടം) സ്ഥാപിച്ചതും. ഇതാണ് ഇത്തരത്തിലുള്ള ആദ്യത്തെ പള്ളിയെന്നുവേണം പറയാൻ. അതോടു കൂടിത്തന്നെ പുരോഹിതന്മാരും കാനൻ നിയമവും മറ്റു ചട്ടക്കൂടുകളും   നിലവിൽ വന്നു.

എന്നാൽ ഇന്ന് കോവിഡ് 19 വന്നതോട് കൂടി പള്ളി എന്നതിന്റെ അർഥം ആദ്യ കാലത്തിലേക്ക് കൊണ്ടുചെന്നെത്തിച്ചു. ഇപ്പോൾ പള്ളികെട്ടിടം ഉണ്ടെങ്കിലും ആരും പള്ളിയിൽ പോകാൻ പറ്റാത്ത അവസ്ഥയിലാണ്. എല്ലാം പണ്ടത്തെ കുടുംബ കൂട്ടായ്മ പോലെ വീട്ടിനകത്തു തന്നെ!!!!

No comments:

Post a Comment